SEARCH


Pullikarinkali Theyyam - പുള്ളികരിങ്കാളി തെയ്യം

Pullikarinkali Theyyam - പുള്ളികരിങ്കാളി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


പുലി തെയ്യങ്ങൾ || Pullikarinkali Theyyam - പുള്ളികരിങ്കാളി തെയ്യം

പുലിക്കണ്ടൻ തെയ്യം ശിവ ശക്തിയായും പുള്ളികരിങ്കാളി പാർവ്വതി ദേവിയായും ആരാധിച്ചുവരുന്നു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിയൂർ കണ്ണൻ, പുലിമാരൻ (പുലിമാരുതൻ) എന്നീ ആൺ പുലി തെയ്യങ്ങളും പുലിയൂർ കാളി എന്ന പെൺപുലിയും ശിവ-പാർവ്വതി മക്കളായും കരുതുന്നു. ഈ പുലികിടാങ്ങളെ ഐവർ എന്നും പറയപ്പെടുന്നു. അതുപോലെ ഈ തെയ്യങ്ങളെ കെട്ടിയാടുന്ന കാവുകളെ ഐവർ പരദേവത കാവുകൾ എന്നും അറിയപ്പെടുന്നു. ഉദാഹരണം മരത്തക്കാട് ശ്രീ ഐവർ പരദേവതാ ക്ഷേത്രം, കണ്ണോം ശ്രീ അഞ്ചുതെങ്ങിൽ ഐവർ പരദേവതാക്ഷേത്രം

പണ്ടൊരിക്കൽ ഇര തേടിയിറങ്ങിയ പുലിക്കിടാങ്ങൾ കുറുമ്പ്രനാട്ട്‌ സ്വരൂപം (ഇന്നത്തെ കൊയിലാണ്ടി താലൂക്കും വടകര താലൂക്കിന്റെയും വയനാട് ജില്ലയുടെ തെക്കൻ പ്രദേശങ്ങളും കുറുമ്പ്രനാട്ടിൽ ഉൾപ്പെടുന്നു) മുപ്പത്താറു കാതം നാട്ടിന്റെ ഉടയവനായ കുറുമ്പ്രാന്തിരി വാണവരുടെ ആലയിൽ കയറി പശുക്കളെ ഭക്ഷിച്ച്‌ പുലർച്ചക്ക്‌ മുൻപ്‌ കാട്ടിലേക്ക്‌ മടങ്ങി. നേരം പുലർന്നപ്പോൾ കരൾ നടുക്കുന്ന കാഴ്ച കണ്ട കുറുമ്പ്രാന്തിരി, കരിന്തിരി നായരെ പുലിവേട്ടക്ക് കാട്ടിലേക്ക് അയച്ചു. വില്ലേന്തി കാട്ടിലെത്തിയ കരിന്തിരി നായരെ പുലികൾ വക വരുത്തി. നാട്ടിൽ ദുശ്ശകുനങ്ങൾ അരങ്ങേറി. പുലികളല്ല പുലിരൂപം പൂണ്ട ദൈവങ്ങളാണെന്നു സ്വപ്ന ദർശ്ശനം നേടിയ കുറുമ്പ്രാന്തിരി പുലിദൈവങ്ങളെയും മരണത്തിലൂടെ ദൈവക്കരുവായി മാറിയ കരിന്തിരി നായരെയും തെയ്യക്കോലങ്ങളായി ആരാധന നേടി. പിന്നീട് പുലി ദൈവങ്ങൾ കുറുമ്പ്രനാട്ട്‌ സ്വരൂപം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദേവീ ദേവന്മാരായി.

പുലിദൈവങ്ങൾ പിന്നീട്‌ മേക്കാളകുണ്ടവസുവനവും, കീക്കാളകുണ്ടവസുവനവും, മഞ്ചട്ടിയാംകുന്നും മായാട്ടിയാംപാറയും, ഇടിമുഴങ്ങുന്നകുന്നും, നരിമയങ്ങുന്നചാലും, തൊള്ളാർവേലിയും, കുറുമ്പ്രാന്തിരികമ്മളും, എന്നപുരത്ത് മടയും എന്നിങ്ങനെയുള്ള (തോറ്റങ്ങളിൽ പറയുന്ന ഈ സ്ഥലങ്ങളുടെ ഇപ്പോളത്തെ പേരുകളെ കുറിച്ച് ധാരണയില്ല) ആസ്ഥാനങ്ങൾ ഉറപ്പിച്ച ശേഷം തുളുവനത്ത് അഥവാ തുളുർവ്വനത്ത് (ഇന്നത്തെ മഞ്ചേശ്വരം ഉൾപ്പെടുന്ന പ്രദേശം) വന്ന് ചേർന്ന് തുളുവനത്ത്ഭഗവതിയെ നായനാരായി കൽപ്പിച്ച്‌ ആവാസമുറപ്പിച്ചു. വെള്ളപ്പനാട്ട്‌ (പട്ടേരി) ഭട്ടതിരിയാണു പുലിദൈവങ്ങൾക്ക്‌ ആദ്യമായി പൂവും നീരും പാലമൃതേത്തും നൽകി പൂജിച്ചത്‌.കൂടാതെ ഒടയംചാൽ കുന്നിനു മീത്തലുള്ള ഒമ്പത്‌ കാതം നാട്ടിനകത്ത്‌ കാട്ടു നായർ, തുളുച്ചേരിക്കുറുപ്പ്‌, പത്തക്കൽ ചെട്ടി, കാലിയാചെട്ടി എന്നിവർ പുലിദൈവങ്ങളുടെ ഇഷ്ടക്കാരായി മാറി.

ഏറാൽ, മേറാൽ, കുറ്റിക്കോൽ, ഒടുവഞ്ഞി, പാടി, പട്ടണത്ത്‌, പാലക്കുന്ന്, പുലിക്കുന്ന് എന്നിങ്ങനെ അനേകം ദൈവ സങ്കേതങ്ങളും പിന്നീട് ഐവർക്കുണ്ടായി. (പഴയ കല സ്ഥല നാമങ്ങൾ)

നമ്മുടെ പൂർവികർ കാളകളെ വാങ്ങിക്കാൻ കർണാടകയിലെ സുബ്രഹ്മണ്യത്തെ കാലിച്ചന്തയിലേക്കാണ് പോയിരുന്നത്. അങ്ങനെ ഒരു കാലത്ത് രാമപുരത്ത് പൊതുവാൾ തന്റെ സഹായിയായ കാനാ വീട്ടുകാരൻ മണിയാണിയും കാരിയത്ത് തണ്ടാൻ എന്ന തീയ്യ പ്രമാണിയുമായി കാലികളെ വാങ്ങുന്നതിനായി സുബ്രഹ്മണ്യത്തെക്ക് പോകും വഴി തുളുവനത്ത് നടക്കുന്ന കളിയാട്ടം കാണാനിടയായത് കാലിചന്തയിൽ എത്തി. രാമരത്ത് കാരിയത്ത് തണ്ടാന്റെ ഭക്തിയും വിശ്വാസവും നന്നേ ഇഷ്ടപ്പെട്ട പുലി ദൈവങ്ങൾ തണ്ടാൻറെ വെള്ളോലക്കുടയിൽ ആവേശിച്ച് അഡൂർദേവരെയും മധുർദേവരെയും കാവിൽദേവരെയും കന്നികുന്നത്ത് ദേവരെയും കണ്ട് പുലി ദൈവങ്ങൾ എരമത്തുള്ള രാമരത്ത് (രാമപുരത്ത്) പള്ള്യറയിലും തുടർന്ന് കണ്ടോത്തും കണ്ണോത്തും കൊട്ടിയൂർ മഠത്തിലും കടന്നപ്പള്ളിയിലെ കുറ്റിയാറ്റും പറൂറും (പറവൂർ) എത്തി. ഈ സ്ഥലം കൂടാതെ പുലിദൈവങ്ങൾ പണയന്തട്ട നായരുടെ വീട്ടിലും വസിക്കുന്നുണ്ടായിരുന്നു. പക്ഷെ പുലിദൈവങ്ങളുടെ ചേഷ്ടകൾ സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ട് ഒരു ഉത്സവകാലത്ത് അദ്ദേഹം മുച്ചിലോട്ട് ഭഗവതിയോട് പുലിദൈവങ്ങളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു എന്നിട്ട് പുലിദൈവങ്ങളെ പ്രതിഷ്ഠിച്ചിരുന്ന വിളക്ക് അവിടെ നിന്ന് പറിച്ചെടുത്ത് കോറോത്ത് മുച്ചിലോട്ട് കാവിന്റെ ഇടത് ഭാഗത്ത് പ്രതിഷ്ഠിച്ചു. അങ്ങനെ മുച്ചിലോട്ട് കാവിലെ സാന്നിധ്യമായി പുലിയൂർ കണ്ണനും പുലിയൂർ കാളിയും. വാണിയ ജാതിക്കാരുടെ തെയ്യമാണ് പുലിയുരുകണ്ണൻ. എണ്ണയാട്ടുന്ന ചക്കാളങ്ങളിൽ പുലിയൂർ കണ്ണനെ പ്രത്യേകം ആരാധിക്കുന്നു

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848